ബഹിഷ്കരണവുമായി ഇന്ത്യന്‍ സഞ്ചാരികളും താരങ്ങളും; മാലദ്വീപ് ടൂറിസം പ്രതിസന്ധിയിലാകുമോ?

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മാലദ്വീപ് ബഹിഷ്കരണ കാമ്പെയ്നുകള്‍ സാമൂഹികമാധ്യമങ്ങള്‍ നിറയുകയാണ്. ഇതിന് പിന്തുണയുമായി ഇന്ത്യന്‍ സെലിബ്രിറ്റികളും ഇന്ത്യന്‍ വിനോദസഞ്ചാര മേഖലയിലെ ഒരു വിഭാഗവും എത്തിയതോടെ ഈ രാഷ്ട്രീയ വിവാദം അന്താരാഷ്ട്ര വിനോദസഞ്ചാര സമൂഹവും ശ്രദ്ധിക്കുകയാണ്. മാലദ്വീപിന് പകരം ഇന്ത്യക്കാര്‍ ലക്ഷദ്വീപിനെ ഉയര്‍ത്തിപ്പിടിക്കുകയും അവിടേക്ക് യാത്രകള്‍ നടത്തണമെന്നുമാണ് ഈ കാമ്പെയ്നില്‍ പങ്കെടുക്കുന്നവരുടെ വാദം. മാലദ്വീപിനെ തോല്‍പ്പിക്കുന്ന പ്രകൃതിഭംഗിയും ടൂറിസം സാധ്യതകളും ലക്ഷദ്വീപിനുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇന്ത്യന്‍ സഞ്ചാരികള്‍ ബഹിഷ്കരണം ശക്തമാക്കിയാല്‍ വിനോദസഞ്ചാരം പ്രധാന വരുമാനങ്ങളിലൊന്നായ മാലദ്വീപ് പ്രതിസന്ധിയിലാകുമോ?
ഇന്ത്യക്കടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന രാജ്യമാണ് മാലദ്വീപ്. ആയിരത്തിയിരുന്നൂറോളം ചെറുദ്വീപുകള്‍ ചേര്‍ന്ന രാജ്യം. അതില്‍ മിക്കതിലും ആള്‍പ്പാര്‍പ്പില്ല. ആകെ ജനസംഖ്യ 52 ലക്ഷം. അടുത്തുകിടക്കുന്നു എന്നതും സാംസ്കാരികമായ ബന്ധവും കാരണം ഇന്ത്യയുമായി ആഴമേറിയ അടുപ്പം മാലദ്വീപിനുണ്ട്. സമുദ്രോത്പന്ന കയറ്റുമതിയും വിനോദസഞ്ചാരവുമാണ് മാലദ്വീപ് സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലുകള്‍. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനം നല്‍കുന്നത് ഈ മേഖലകളാണ്. ഇന്ത്യയുമായി ദീര്‍ഘകാലത്തെ മികച്ച ബന്ധമായിരുന്നു മാലദ്വീപിനുണ്ടായിരുന്നത്. 1988ല്‍ മാലദ്വീപ് സര്‍ക്കാരിനെ അട്ടിറിക്കാന്‍ ശ്രമംനടന്നപ്പോള്‍ ‘ഓപ്പറേഷന് കാക്ടസി’ലൂടെ ഇന്ത്യ അത് അടിച്ചമര്‍ത്തി. 2004-ലെ സുനാമി, 2014-ലെ ശുദ്ധജലവിതരണപ്രസതിന്ധി, 2020-ലെ കോവിഡ്; ഈ സമയത്തെല്ലാം ഇന്ത്യയുടെ ആശ്വാസകരങ്ങള്‍ മാലദ്വീപിനെ തേടിച്ചെന്നു. സൈനികമേഖലയിലും അടിസ്ഥാനസൗകര്യവികസനത്തിലും ഇന്ത്യ നിക്ഷേപമിറക്കി.
എന്നാല്‍ ഇന്ത്യയുയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ മാലദ്വീപ് നിര്‍ണായകമാണെന്ന് ചൈന തിരിച്ചറിഞ്ഞതോടെ സ്ഥിതിഗതികള്‍ മാറുകയായിരുന്നു. മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണായി. ഇന്ത്യാവിരുദ്ധ പ്രചാരണത്തിലൂടെയാണ് മുയിസു മാലദ്വീപിന്റെ അധികാരത്തിലേക്ക് നടന്നടുത്തത്. പ്രസിഡന്റായശേഷവും മുയിസു ഇന്ത്യാവിരുദ്ധത തുടരുകയും ചൈനയുമായി അടുക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായിട്ടാണ് മാലദ്വീപ് മന്ത്രിമാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നേരെ നടത്തിയ പരസ്യമായ അധിക്ഷേപം പുറത്തുവന്നത്. പരാമര്‍ശങ്ങള്‍ വിവാദമായതോടെ രാജ്യത്ത് മാലിദ്വീപ് ബഹിഷ്കരണ കാമ്പെയിന് ശക്തിപ്രാപിക്കുകയാണ്.
മാലദ്വീപിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ബോളിവുഡ് സെലിബ്രിറ്റികള്‍ തന്നെയാണ് ഈ കാമ്പെയ്നെ നയിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നടന്മാരായ അമിതാഭ് ബച്ചന്, അക്ഷയ് കുമാര്‍, സല്മാന് ഖാന്, വരുണ്‍ ധവാന്, ശ്രദ്ധ കപൂര്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്, വെങ്കടേഷ് പ്രസാദ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. അവധിയാഘോഷത്തിന് മാലദ്വീപിനു പകരം ഇന്ത്യന്‍ ദ്വീപുകള്‍ തിരഞ്ഞെടുക്കൂ എന്നായിരുന്നു ഇവര്‍ ആഹ്വാനം ചെയ്തത്. ഇതിന് പിന്തുണയുമായി ഇന്ത്യയിലെ ട്രാവല്‍ ഇന്ഡസ്ട്രിയിലെ ഒരു വിഭാഗവും രംഗത്തെത്തി. ചില കമ്പനികള്‍ മാലദ്വീപ് പാക്കേജകള്‍ റദ്ദാക്കി. അവര്‍ക്ക് ഓഹരി വിപണിയില്‍ ഉള്‍പ്പടെ വന്‍ പിന്തുണ ലഭിച്ചു.
മാലദ്വീപ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് വിനോദസഞ്ചാരം. വിനോദസഞ്ചാരത്തില്‍ തിരിച്ചടിയുണ്ടായ കോവിഡ് കാലത്തുള്‍പ്പടെ മാലദ്വീപ് കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇന്ത്യന്‍ സഞ്ചാരികളാണ് മാലദ്വീപ് വിനോദസഞ്ചാരത്തിന്റെ നട്ടെല്ല്. കഴിഞ്ഞ വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയില്‍നിന്നാണ് മാലദ്വീപിലേക്ക് ഏറ്റവുമധികം വിനോദസഞ്ചാരികള്‍ ചെന്നത്. 2,09,198 പേര്. 2022 ല്‍ ഇത് 2.4 ലക്ഷവും 2021 ല്‍ ഇത് 2.11 ലക്ഷവുമാണ്. കോവിഡാനന്തരം ആദ്യം സഞ്ചാരികളെ സ്വാഗതം ചെയ്ത അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളില്‍ ഒന്നായിരുന്നു മാലദ്വീപ്. ആ വര്‍ഷം എല്ലാ പ്രതിസന്ധികള്‍ക്കിടയിലും 63,000 ഇന്ത്യന്‍ സഞ്ചാരികള്‍ ദ്വീപിലെത്തി.
ഒരുകാലത്ത് ഇന്ത്യയില്‍ നിന്ന് സെലിബ്രിറ്റികളും പണക്കാരും മാത്രമാണ് മാലദ്വീപില്‍ എത്തിയതെങ്കില്‍ പിന്നീട് സാധാരണക്കരും ബഡ്ജറ്റ് യാത്രികരും മാലദ്വീപിലെ സഞ്ചാരികളായെത്തി. 2018 മാലദ്വീപിലെത്തിയ ആകെ സഞ്ചാരികളില്‍ ഇന്ത്യക്കാര്‍ അഞ്ചാം സ്ഥാനത്തായിരുന്നു (90,474 സഞ്ചാരികള്‍). തൊട്ടടുത്ത വര്‍ഷം ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം ഇരട്ടിയോളമാവുകയും (1,66,030) ആകെ സഞ്ചാരികളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഇത്തരത്തില്‍ ഇന്ത്യയെ അവഗണിച്ചുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് മാലദ്വീപിന് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിമാരുടെ പ്രസ്താവനയെ തുടര്‍ന്ന് മാലദ്വീപ് പുലിവാല് പിടിച്ചിരിക്കുന്നത്. നിലവിലെ പ്രതിഷേധവും ബഹിഷ്കരണവും തുടര്‍ന്നാല്‍, സര്‍ക്കാര്‍ തലത്തിലും മാലദ്വീപ് ടൂറിസത്തെ തടഞ്ഞാല്‍ ഇന്ത്യ- മാലദ്വീപ് ടൂറിസം ഇടപാടുകളെ ഇത് ബാധിക്കുമെന്നാണ് ടൂറിസം മേഖലയിലെ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക