കളിച്ചത് വെറും നാല് മത്സരങ്ങള്‍; ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി ഹെന്റിച്ച് ക്ലാസന്‍

ജൊഹാനസ്ബര്‍ഗ്: ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന്‍. സമീപകാലത്ത് നിശ്ചിത ഓവര്‍ സ്‌പെഷലിസ്റ്റ് എന്ന് പേരെടുത്ത ക്ലാസന്‍ കരിയറില്‍ നാല് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. അടുത്തിടെ ഇന്ത്യയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള പ്രോട്ടീസ് ടീമില്‍ ക്ലാസന്‍ ഉണ്ടായിരുന്നില്ല.
മുന്‍ താരം ക്വിന്റണ്‍ ഡിക്കോക്കിന്റെ സാന്നിധ്യമാണ് ക്ലാസന് പലപ്പോഴും ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമാക്കിയത്. ഡിക്കോക്കിന്റെ വിരമിക്കലിനു പിന്നാലെയാണ് ഇപ്പോള്‍ ക്ലാസനും ടെസ്റ്റ് മതിയാക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കും.
85 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 46.09 എന്ന മികച്ച ശരാശരിയില്‍ 5347 റണ്‍സ് നേടിയ താരമാണ് ക്ലാസന്‍. 12 സെഞ്ചുറിയും 24 അര്‍ധ സെഞ്ചുറിയും അടക്കമായിരുന്നു ഈ നേട്ടം. തന്റെ ഇഷ്ട ഫോര്‍മാറ്റ് മതിയാക്കാനുള്ള തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ക്ലാസന്‍ പറഞ്ഞു.
2019-ല്‍ റാഞ്ചിയില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു ക്ലാസന്റെ ടെസ്റ്റ് അരങ്ങേറ്റം. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഫോം ടെസ്റ്റില്‍ തുടരാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇന്ത്യയ്‌ക്കെതിരേ അടുത്തിടെ നടന്ന പരമ്പരയില്‍ ക്ലാസന് പകരം കൈല്‍ വെരെയ്‌നയെയായിരുന്നു ദക്ഷിണാഫ്രിക്ക ടീമിലേക്ക് പരിഗണിച്ചത്.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക