ആർസിബി താരങ്ങൾക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിൽ സ്വീകരണം.

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കന്നിക്കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൻ വരവേൽപ്. ബെംഗളൂരു വിമാനത്താവളത്തിലെത്തിയ വിരാട് കോലിയെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ സ്വീകരിച്ചു. കർണാടക വിധാൻ സൗധയിലെത്തിയ ആർസിബി താരങ്ങൾ ഐപിഎല്‍ ട്രോഫിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു.
വിധാൻ സൗധയിൽനിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയുള്ള വിക്ടറി പരേഡ് ഒഴിവാക്കി താരങ്ങളെ സ്റ്റേഡിയത്തിലെത്തിച്ചു. ബെംഗളൂരു നഗരത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതോടെയാണ് താരങ്ങളെ സ്റ്റേഡിയത്തിലേക്കു മാറ്റിയത്. ടിക്കറ്റുള്ളവർക്കു മാത്രമായിരുന്നു സ്റ്റേഡിയത്തിലേക്കു പ്രവേശനം. എന്നിട്ടും 40,000 കപ്പാസിറ്റിയുള്ള സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു.
🚨 KARNATAKA DEPUTY CM WELCOMING KOHLI & RCB TEAM 🚨 [ANI] pic.twitter.com/y6V338rWfx
— Johns. (@CricCrazyJohns) June 4, 2025
വൈകിട്ട് ആറു മണിയോടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ താരങ്ങൾ അണിനിരന്നു. ക്യാപ്റ്റൻ രജത് പാട്ടീദാർ ഐപിഎൽ ട്രോഫി ഗ്രൗണ്ടിലെത്തിച്ചു. വിരാട് കോലിയും പാട്ടീദാറും സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരോടു സംസാരിച്ചു. പിന്നീട് ട്രോഫിയുമായി ആരാധകരെ അഭിവാദ്യം ചെയ്തു.
ആരാധകരുടെ കൂടി വിജയമാണ് ആർസിബി നേടിയതെന്നു വിരാട് കോലി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പ്രതികരിച്ചു. ‘‘ഐപിഎലിലെ കിരീട വിജയം താരങ്ങളുടേതു മാത്രമല്ല. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആരാധകരുടേതു കൂടിയാണ്. ടീമിനെ ആദ്യമായി അവതരിപ്പിക്കുന്ന സമയത്തു തന്നെ രജത് പാട്ടീദാർ നമ്മളെ ഏറെക്കാലം നയിക്കുമെന്നു ഞാന്‍ പറഞ്ഞതാണ്. പാട്ടീദാറിനെ പിന്തുണയ്ക്കണമെന്നും നിങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ക്യാപ്റ്റൻ രജത് പാട്ടീദാറിനാണു നിങ്ങൾ വലിയ കയ്യടി നൽകേണ്ടത്.’’– കോലി പറഞ്ഞു. ആരാധകർ നൽകിയ സ്വീകരണത്തിനു നന്ദിയുണ്ടെന്ന് ക്യാപ്റ്റൻ രജത് പാട്ടീദാറും പ്രതികരിച്ചു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക