കാലവര്‍ഷം വീണ്ടും ശക്‌തമാകും.

തിരുവനന്തപുരം :കാലവര്‍ഷം ശക്‌തിപ്രാപിക്കാന്‍ ഈ മാസം പാതി പിന്നിടണം. ഇനി പെയ്യുന്ന മഴയ്‌ക്ക് ശക്‌തി കൂടിയാല്‍ പ്രകൃതി ദുരന്തങ്ങള്‍ക്കും സാധ്യതയേറെ.

സീസണില്‍ ഇതിനകം ലഭിച്ച മഴ വളരെ കൂടുതലായതിനാല്‍ മണ്ണിലേക്ക് ആഴ്‌ന്നിറങ്ങിയ വെള്ളത്തിന്റെ അളവ് വര്‍ധിച്ചതാണ് അപകടസാധ്യത കൂട്ടുന്നത്. കുതിര്‍ന്ന മണ്ണിലേക്കു വീണ്ടും ശക്‌തമായി മഴ പെയ്‌താല്‍ മണ്ണിടിച്ചിലിനു സാധ്യതയുള്ളതായി ഗവേഷകര്‍ പറയുന്നു.
മേയില്‍ മഴ ശക്‌തമായിരുന്നെങ്കിലും ജൂണില്‍ കാലവര്‍ഷം അപ്രതീക്ഷിതമായി ദുര്‍ബലമായി. ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ വരെയുള്ള ആറുദിവസത്തില്‍ 54 ശതമാനം മഴയുടെ കുറവാണു രേഖപ്പെടുത്തിയത്. 98.4 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 45.3 മില്ലീ മീറ്റര്‍ മാത്രമാണു ലഭിച്ചത്. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും കഴിഞ്ഞ ആറുദിവസം മഴ കുറഞ്ഞു. ഇടുക്കിയിലാണ് ഏറ്റവും കുറവ്- 81 ശതമാനം. മഴക്കുറവില്‍ രണ്ടാമത് മലപ്പുറവും (71 ശതമാനം) പിന്നാലെ വയനാട് (67), തിരുവനന്തപുരം (65), പാലക്കാട് (63) എന്നിവയുമാണ്.
പതിവിലും എട്ടുദിവസം നേരത്തെ മേയ് 24 നാണു മണ്‍സൂണ്‍ ആരംഭിച്ചത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കനത്ത ന്യൂനമര്‍ദം രൂപംകൊണ്ടതിനാല്‍ തുടക്കത്തില്‍ കാലവര്‍ഷം ആഞ്ഞടിച്ചു. പിന്നീട് ന്യൂനമര്‍ദവും പടിഞ്ഞാറന്‍ കാറ്റും ദുര്‍ബലമായപ്പോള്‍ മഴ കുറഞ്ഞു. മേയില്‍ കിട്ടിയ മഴത്തുടര്‍ച്ച ജൂണില്‍ ഉണ്ടായില്ല. പ്രതീക്ഷിച്ച മഴ ജൂണില്‍ പെയ്യാനിടയില്ലെന്നാണ് വിവിധ കാലാവസ്‌ഥാ ഏജന്‍സികള്‍ പുറത്തുവിടുന്ന സൂചനകള്‍.
ജൂണിലെ മണ്‍സൂണ്‍ സാധ്യതകള്‍
ജൂണ്‍ 10 ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു സാധ്യത. ഇതുമൂലം 12 മുതല്‍ 17 വരെ രാജ്യത്തിന്റെ വടക്കുകിഴക്കു ഭാഗങ്ങളില്‍ മഴയുണ്ടാകും. പിന്നാലെ ആന്ധ്രാ തീരത്ത് ന്യൂനമര്‍ദം ശക്‌തിപ്രാപിച്ച് ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. ജൂണ്‍ 14, 15 തീയതികളോടടുത്ത് മധ്യബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇതിന്റെ ഫലമായി 17 വരെ മഴയ്‌ക്കു സാധ്യതയുണ്ട്. അറബിക്കടലില്‍ പുതുതായി ന്യൂനമര്‍ദമോ ചക്രവാതച്ചുഴികളോ ഉണ്ടാകുമെന്ന് അറിയിപ്പുകളില്ല. 12 മുതല്‍ 17 വരെയാകും മഴ ശക്‌തമാകുക.
