ലണ്ടനിലേക്ക് നിര്‍ത്താതെ പറക്കേണ്ട വിമാനത്തിന് പറന്നുയര്‍ന്ന ഉടൻ എങ്ങനെ സാങ്കേതിക തകരാറുണ്ടായി ? രാജ്യം നടുങ്ങിയ വിമാനദുരന്തത്തില്‍ അട്ടിമറി സംശയവും കടുക്കുന്നു. ദീര്‍ഘദൂര യാത്രയ്ക്ക് ഏറ്റവും സുരക്ഷിതമായ ബോയിംഗ് 787 ഇന്ത്യയില്‍ അപകടത്തില്‍പെടുന്നത് ആദ്യം.

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ലണ്ടനിലേക്ക് പറന്നുയർന്ന എയർഇന്ത്യ വിമാനം തകർന്നുവീണതില്‍ അട്ടിമറിയുണ്ടോയെന്നും അന്വേഷണം.സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തില്‍ നിന്ന് ‘മെയ്‌ഡേ’ സന്ദേശം ലഭിച്ചിരുന്നു. പിന്നാലെ നിശബ്ദതയായിരുന്നു.വിമാനം പറന്നുയർന്ന് അഞ്ചു മിനിറ്റിനകമാണ് ജനവാസ മേഖലയില്‍ തകർന്നു വീണത്. മെയ് ഡേ സന്ദേശം ലഭിച്ചതിന് പിന്നാലെ എയർ ട്രാഫിക് കണ്‍ട്രോളില്‍ (എ ടി സി) നിന്നുള്ള പ്രതികരണം പൈലറ്റ് സ്വീകരിച്ചിട്ടില്ല.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്. ദുരന്തത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു.

ദീർഘദൂര യാത്രകള്‍ക്കുള്ള ഏറ്റവും സുരക്ഷിതമായ ബോയിംഗ് 787 ഇനത്തില്‍ പെട്ട വിമാനം ഇന്ത്യയില്‍ തകരുന്നത് ഇതാദ്യമായാണ്.

ലണ്ടനിലേക്ക് നിർത്താതെ പറക്കാനുള്ളതിനാല്‍ വൻതോതില്‍ ഇന്ധനം വിമാനത്തിലുണ്ടായിരുന്നു. ഇത് അപകടത്തിന്റെ തീവ്രത കൂട്ടി.

ഇന്ന് ഉച്ചയ്ക്ക് 1.39നാണ് വിമാനം പറന്നുയർന്നത്. 5മിനിറ്റിനകം വിമാനം തകർന്നുവീണു. രണ്ട് പൈലറ്റുമാർ, 10 ക്യാബിൻ ക്രൂ അംഗങ്ങള്‍ അടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

യാത്രക്കാരില്‍ 53 പേർ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു.

പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ ഈ വിമാനാപകടം ദുരൂഹതകള്‍ നിറഞ്ഞതാണ്. റണ്‍വേയില്‍ നിന്ന് പറന്ന് ഉയർന്നയുടൻ നിയന്ത്രണം നഷ്‌ടപ്പെട്ട് വിമാനം താഴേക്ക് പതിക്കുന്നതും ഉഗ്രസ്‌ഫോടന സമാനമായി തീ ഉയരുന്നതും കാണാം.

വിമാനത്താവളത്തിന് സമീപത്തെ ജനവാസ മേഖലയിലാണ് വിമാനം തകർന്നു വീണത്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് ഗുജറാത്ത്. രാജ്യത്തെ നടുക്കിയ വിമാനാപകടത്തില്‍ വിദേശത്തെ ശത്രുക്കള്‍ക്ക് പങ്കുണ്ടോയെന്നടക്കം കേന്ദ്രം അന്വേഷിക്കും.

തകർന്നു വീണയുടൻ വിമാനം കത്തിച്ചാമ്ബലായി. യാത്രക്കാരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് ലഭിക്കുന്നത്. വളരെയെളുപ്പം കത്തിപ്പടരുന്നതാണ് വിമാനത്തിലുപയോഗിക്കുന്ന ഇന്ധനം. അതിനാല്‍ ഫയർ എൻജിനുകളുപയോഗിച്ച്‌ തീ കെടുത്തുന്നതും എളുപ്പമല്ല.

ഇന്ധനത്തിന്റെ കൂടിയ അളവ് രക്ഷാപ്രവർത്തനത്തെയും കാര്യമായി ബാധിച്ചു. വിമാനത്തിന് തൊട്ടടുത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനായില്ല.

തീ അല്പമൊന്ന് ശമിച്ചതിനുശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. യാത്രക്കാർ ആരും രക്ഷപ്പെട്ടതായി റിപ്പോർട്ടില്ല. വിമാനം തകർന്നു വീണ പ്രദേശത്തുള്ളവരും അപകടത്തില്‍ പെട്ടിട്ടുണ്ട്.



പരിചയസമ്ബത്ത് ഏറെയുള്ള പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറിനൊപ്പം ക്യാപ്റ്റൻ സുമീത് സബർവാളായിരുന്നു വിമാനം പറത്തിയത്.

8200 മണിക്കൂർ അനുഭവപരിചയമുള്ള പൈലറ്റാണ് ക്യാപ്റ്റൻ സുമീത് സബർവാള്‍. കോപൈലറ്റിന് 1100 മണിക്കൂർ പറക്കല്‍ പരിചയമുണ്ട്.

625 അടി ഉയരത്തില്‍ നിന്നാണ് അഗ്നിഗോളമായി വിമാനം താഴേക്ക് പതിച്ചതെന്നാണ് റിപ്പോർട്ട്. ലണ്ടനിലേക്കുള്ള നോണ്‍ സ്റ്റോപ്പ് വിമാനം ഏറെ സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് പറക്കാൻ സജ്ജമാക്കിയത്.

അതിനാല്‍ പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ എങ്ങനെയുണ്ടായെന്നും അന്വേഷിക്കുന്നു.


Sponsored ads

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!