ഫെയ്സ്ബുക് മാർക്കറ്റ്പ്ലേസിലൂടെ ഓൺലൈൻ തട്ടിപ്പ്; സെക്കൻഡ് ഹാൻഡ് വാഹന വിൽപനയുടെ പേരിൽ തട്ടിപ്പ്..

തൊടുപുഴ: ഫെയ്സ്ബുക്കിൽ സാധനങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള ലിങ്കായ മാർക്കറ്റ്പ്ലേസിലൂടെ വാഹനക്കച്ചവടത്തിന്റെ മറവിൽ പണം തട്ടിയെടുക്കൽ. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ നിസ്സാര വിലയിൽ വിൽക്കാനുണ്ടെന്നു കാട്ടി അഡ്വാൻസ് വാങ്ങി പറ്റിക്കുന്നതാണു രീതി. ആർസി ബുക്ക് ഇല്ലാത്ത വാഹനമാണെന്നും ചെറിയ വിലയ്ക്കു ലഭിക്കുമെന്നുമാണു പരസ്യമിടുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ യുവാക്കൾ ഈ കെണിയിൽ വീണു. ആർസി ബുക്ക് ഇല്ലാത്ത വാഹനങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമെന്നു കരുതി ആരും പരാതി നൽകുന്നുമില്ല. ഓരോരുത്തർക്കും നഷ്ടപ്പെടുന്നത് 10,000ൽ താഴെ രൂപ മാത്രമാണെന്നതും പരാതികൾ കുറയാൻ കാരണമാണ്.
തട്ടിപ്പ് ഇങ്ങനെ
- 2–3 ലക്ഷം രൂപ വരെ വിലയുള്ള സൂപ്പർ ബൈക്കുകൾ ആർസി ബുക്കില്ലെന്ന കാരണത്തിൽ 20,000 – 30,000 രൂപ വരെ വിലയിൽ വിൽപനയ്ക്ക് എന്നു പരസ്യം വരുന്നു. ലക്ഷങ്ങൾ വിലയുള്ള വിന്റേജ് ബൈക്കുകൾക്കുപോലും 10,000 രൂപയിൽ താഴെയാണു പരസ്യത്തിലെ വില.
- പരസ്യം കണ്ട് മറുപടി അയയ്ക്കുന്നവരിൽ നിന്ന് അഡ്വാൻസായി 1000 മുതൽ 2000 രൂപ വരെ ചോദിക്കും.
- മറ്റു സംസ്ഥാനത്താണു വണ്ടി ഉള്ളതെന്നു പറയുകയും ഇത്തരം വിൽപനകളുടെ വ്യാജ വിഡിയോ കാട്ടുകയും ചെയ്യും.
- വാഹനങ്ങൾ ട്രെയിനിൽ കൊണ്ടുവരാനുള്ള പാസിനായി 1000–2000 രൂപ വരെ വീണ്ടും ആവശ്യപ്പെടും.
- ഈ പണം ലഭിച്ചാൽ ചിലർ ഫോൺ നമ്പർ ഉൾപ്പെടെ ബ്ലോക്ക് ചെയ്ത് പരസ്യം പിൻവലിക്കും. ചിലർ വണ്ടികൾ ഡെലിവറി ചെയ്യാനായി വീണ്ടും പണം ആവശ്യപ്പെടും.
- ആകെ ഒരാളുടെ പക്കൽ നിന്ന് 5000–10000 രൂപ വരെ കബളിപ്പിച്ച് കൈക്കലാക്കും.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇