അപകട ഭീഷണിയായി തണല്‍ മരം :ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി;

കട്ടപ്പന : നഗരത്തിലെ പ്രധാന ബൈപ്പാസില്‍ അപകട ഭീഷണി ഉയര്‍ത്തി തണല്‍മരം. ഇടുക്കിക്കവല ബൈപ്പാസിലാണ് തണല്‍മരം അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്.

കനത്ത മഴയില്‍ മരത്തിനു ചുവട്ടിലെ മണ്ണ് ഒലിച്ചു പോയ നിലയിലാണ്. ഇതോടെ ചരിഞ്ഞു നില്‍ക്കുന്ന മരം ഏത് നിമിഷവും നിലം പൊത്താവുന്ന സ്‌ഥിതിയാണ്. കാറ്റും മഴയും തുടരുന്നതിനാല്‍ തന്നെ മരം നിലപതിക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
ഇക്കാര്യം നഗരസഭയില്‍ അറിയിച്ചിട്ടും മരം മുറിക്കാന്‍ നടപടിയില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. പലതവണ ഇക്കാര്യം സമീപത്തെ കടകളിലെ വ്യാപാരികള്‍ അറിയിച്ചതാണ്. എന്നാല്‍ പി.ഡബ്ല്യു.ഡിയാണ് വിഷയത്തില്‍ നടപടിയെടുക്കേണ്ടതെന്നാണ് നഗരസഭയുടെ വാദം. നഗരത്തിലെ ഏറെ തിരക്കുള്ള പാതയാണിത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രികരും ഇതുവഴി കടന്നുപോകുന്നു. നിരവധി വ്യാപാര സ്‌ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 11 കെ.വി വൈദ്യുത ലൈനും കടന്നുപോകുന്നുണ്ട്. മരം നിലംപതിച്ചാല്‍ വന്‍ അപകടമുണ്ടാകും. അടിയന്തരമായി മരം മുറിച്ചുനീക്കി അപകട ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.