ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ വര്‍ഷം,ഹൈഫയിലും തെല്‍അവിവിലും ജറുസലേമിലും സ്ഫോടനം

തെൽഅവീവ് : ആണവകേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചതിന് തിരിച്ചടിച്ച്‌ ഇറാന്‍. ഇസ്രായേലിലേക്ക് 30 മിസൈലുകള്‍ അയച്ചെന്നും തെല്‍അവിവിലും ജറുസലേമിലും സ്‌ഫോടനമുണ്ടായെന്നും ഇറാന്‍ സൈനിക വക്താവ് അറിയിച്ചു.

അതിശക്തമായ ആക്രമണമാണ് ഇസ്രായേലില്‍ നടന്നതെന്നും സേന അറിയിച്ചു.40 മിസൈലുകളാണ് ഹൈഫയില്‍ മാത്രം പതിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിസൈലാക്രമണത്തില്‍ ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി.

ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറനുകളാണ് മുഴങ്ങുന്നതെന്നും ഇസ്രായേലിന്റെ ഭൂരിഭാഗവും ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മുഴുവൻ വിമാനത്താവളങ്ങളും ഇസ്രായേല്‍ അടച്ചിരുന്നു . മുൻകരുതല്‍ എന്ന നിലയില്‍ വ്യോമാതിർത്തികള്‍ അടച്ചതായി ഇസ്രായേല്‍ എയർപോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. വ്യോമാതിർത്തികള്‍ അടച്ചതിനാല്‍ ഈജിപ്തിലേക്കും ജോർദാനിലേക്കും ഉള്ള കരമാർഗങ്ങള്‍ തുറന്നിരിക്കുന്നതായി തുറമുഖ അതോറിറ്റി അറിയിച്ചു.

ഫോർദോ ഉള്‍പ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് ഇന്ന് അമേരിക്ക ബോംബിട്ടത്.ഫോർദോക്ക് പുറമെ നതൻസ് , ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലാണ് യു എസ് ബോംബ് വർഷിച്ചത്. ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ് പറഞ്ഞു.

അതേസമയം,റേഡിയേഷൻ ഇല്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ഇറാൻ അറിയിച്ചു. ആക്രമണം ഫോർദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാൻ സ്ഥിരീകരീച്ചു. മുഴുവൻ കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു.ആണവ കേന്ദ്രങ്ങളിലെ സമ്ബുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്.


Sponsored ads

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!