രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി ഇരവികുളം; ‘വെരി ഗുഡ്’ റേറ്റിങ് നേടി കേരളം

രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനു കീഴിലുള്ള ഇരവികുളവും ജമ്മു കശ്മീരിലെ ദച്ചിഗാമും തിരഞ്ഞെടുക്കപ്പെട്ടു.രാജ്യത്തെ ദേശീയോദ്യാനങ്ങളും സംരക്ഷിത പ്രദേശങ്ങളുമെല്ലാം ഉൾപ്പെടുത്തി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നടത്തിയ വിലയിരുത്തലിൽ കേരളം ഒന്നാമതെത്തി.
ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, വേൾഡ് കമ്മിഷൻ ഓൺ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് നടത്തിയ മൂല്യനിർണയത്തിൽ 76.22% മാർക്കുമായി ‘വെരി ഗുഡ്’ റേറ്റിങ് നേടിയ ഏക സംസ്ഥാനമാണ് കേരളം. കർണാടക (74.24%), പഞ്ചാബ് (71.74%), ഹിമാചൽപ്രദേശ് (71.36%) എന്നീ സംസ്ഥാനങ്ങൾക്ക് ‘ഗുഡ്’ റേറ്റിങ് ലഭിച്ചു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 2020 മുതൽ 2025 വരെ രാജ്യത്തെ 438 സംരക്ഷിത വനമേഖലകളിൽ നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് മികച്ച ദേശീയോദ്യാനമായി ഇരവികുളത്തെ തിരഞ്ഞെടുത്തത്.
മൂന്നാർ ഡിവിഷനിലെ തന്നെ മതികെട്ടാൻചോല നാഷനൽ പാർക്കും ചിന്നാർ വന്യജീവി സങ്കേതവും മികച്ച 10 വനസങ്കേതങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇