സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; നടപടി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിൽ

ലൈം​ഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും നോട്ടീസ് അയച്ചുനൽകി. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കണമെന്നും നിർദേശം നൽകി.

കേസിൽ അറസ്റ്റ് ചെയ്യാനിരിക്കെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. കഴിഞ്ഞ രണ്ടു ദിവസമായി എല്ലാ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതിൽ ഒരു നമ്പർ മാത്രം അൽപ്പ നേരം ഓണായിരുന്നു. കുറച്ചു സമയം ബിസി ആയിരുന്ന ഫോൺ വീണ്ടും സ്വിച്ച് ഓഫ് ആക്കി. ഹൈക്കോടതി മുൻകൂ‍ർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സിദ്ദിഖിനെ കാണാതാകുന്നത്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി, സമൂഹത്തിൽ സ്ത്രീ ബഹുമാനം അർഹിക്കുന്നുവെന്നും വ്യക്തമാക്കി. സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സിദ്ദിഖിന്റെ വൈദ്യപരിശോധന നടത്തേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

2016ൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വച്ചാണ് ലൈംഗിക പീഡനം നടന്നതെന്ന് യുവ നടി മൊഴി നൽകിയിരുന്നു. അന്നേ ദിവസത്തെ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ഹോട്ടലിന് നിർദ്ദേശം നൽകിയിരുന്നു. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകൾക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.

Sponsored ads

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!