സ്വര്‍ണവില കുത്തനെ താഴേക്ക്; വിലയില്‍ വൻ ഇടിവ്

കൊച്ചി: കേരളത്തില്‍ സ്വർണവിലയില്‍ വൻ കുറവ്. ഗ്രാമിന് 150 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 8980 രൂപയായാണ് കുറഞ്ഞത്.പവന്റെ വിലയില്‍ 1200 രൂപയുടെ കുറവുണ്ടായി. പവന്റെ വില 71,840 രൂപയായാണ് കുറഞ്ഞത്.

ആഗോളവിപണിയിലും സ്വർണവിലയില്‍ ഇടിവുണ്ടായി. ഒരു ശതമാനം കുറവാണ് വിലയില്‍ ഉണ്ടായത്. യു.എസ് ജോബ് ഡാറ്റ പ്രതീക്ഷിച്ചതിലും കരുത്താർജിച്ചതാണ് ആഗോളവിപണിയില്‍ സ്വർണവില ഇടിയുന്നതിനുള്ള പ്രധാനകാരണം. സ്പോട്ട് ഗോള്‍ഡ് വില 1.1 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,316.3 ഡോളറായി കുറഞ്ഞു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ 0.8 ശതമാനം ഇടിഞ്ഞ് 3,346.60 ഡോളറായി.

ആഗോളവിപണിയില്‍ സ്പോട്ട് സില്‍വറിന്റെ വിലയിലും ഇടിവുണ്ടായി. 0.5 ശതമാനം ഇടിഞ്ഞ് 35.96 ഡോളറായാണ് വില കുറഞ്ഞത്. 13 വർഷത്തിനിടയിലെ ഉയർന്നനിരക്കിലേക്ക് എത്തിയതിന് ശേഷമാണ് വെള്ളിവില കുറഞ്ഞത്. അതേസമയം, പ്ലാറ്റിനം വിലയില്‍ വർധന രേഖപ്പെടുത്തി. 2.5 ശതമാനം ഉയർച്ചയാണ് പ്ലാറ്റിനം വിലയിലുണ്ടായത്. 1,158.20 ഡോളറായാണ് പ്ലാറ്റിനം വില ഉയർന്നത്.
പല്ലേഡിയത്തിന്റെ വില 3.9 ശതമാനം ഉയർന്നു. 1,045 ഡോളറായാണ് പല്ലേഡിയം വില ഉയർന്നത്.