മുള്ളരിങ്ങാട്ട് കാട്ടാനശല്യം രൂക്ഷം; വാഴക്കൃഷി ഉൾപ്പെടെ നശിപ്പിച്ചു

മുള്ളരിങ്ങാട്: തുടർച്ചയായി രണ്ടാം ദിവസവും മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചു. അമയൽതൊട്ടി പള്ളിക്കവല നരിതൂക്കിൽ കുഞ്ഞപ്പന്റെ വീട്ടുമുറ്റത്തെ കിണർ കാട്ടാന നശിപ്പിച്ചു. തൊട്ടടുത്തുള്ള പച്ചാളം ജോർജിന്റെ കൃഷിയിടത്തിലെ വാഴ ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയിലാണ് കാട്ടാന വീട്ടുമുറ്റത്ത് എത്തിയത്. ഇതിന്റെ ശബ്ദം കേട്ട് ഭയന്ന വീട്ടുകാർ ആരും പുറത്തിറങ്ങിയില്ല. കിണറിന്റെ സംരക്ഷണ ഭിത്തി തകർക്കുകയും വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ വലിച്ചെറിയുകയും ചെയ്തു. മുള്ളരിങ്ങാട് വനത്തിൽ തമ്പടിച്ചിരിക്കുന്ന ഒറ്റയാനാണ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

ഈ ആനയാണ് കഴിഞ്ഞ ഡിസംബറിൽ അമർ ഇലാഹി എന്ന യുവാവിനെ ആക്രമിച്ചു കൊന്നത്. കാട്ടാനശല്യം രൂക്ഷമായതോടെ രാവിലെയുള്ള റബർ വെട്ട് പത്ര വിതരണം എല്ലാം നേരം വെളുത്തതിന് ശേഷമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം മുള്ളരിങ്ങാട് ജംക്ഷനു സമീപം വരെ കാട്ടാന എത്തിയിരുന്നു. തലക്കോട് മുള്ളരിങ്ങാട് റൂട്ടിൽ ആകെ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം കാട്ടാനകൾ നശിപ്പിച്ചു.
കൂടാതെ സെറ്റിൽമെന്റ് മേഖലയിലെ ഒട്ടേറെ കൃഷികളാണ് കാട്ടാനകൾ നശിപ്പിച്ചത്. ഓണം മുന്നിൽക്കണ്ട് പല കർഷകരും വാഴക്കൃഷി നടത്തിയിരുന്നു. ഇതെല്ലാം ഒറ്റ രാത്രി കൊണ്ടാണ് നശിപ്പിച്ച് കളഞ്ഞത്. കാട്ടാനയെ പേടിച്ച് വൈകുന്നേരം 5 മണിക്കുശേഷം ജനങ്ങൾ വീടിന്പുറത്തിറങ്ങാറില്ല.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക