15 ദിവസമായി വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അച്ഛനും മക്കളും.

രാജകുമാരി: 15 ദിവസമായി മുടങ്ങിയ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു കുടുംബം കെഎസ്ഇബി സെക്‌ഷൻ ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുംഭപ്പാറ കാെച്ചുകരോട്ട് ഷാജിയും 3 മക്കളുമാണ് കെഎസ്ഇബി രാജകുമാരി സെക്‌ഷൻ ഓഫിസിൽ പ്രതിഷേധ സമരം നടത്തിയത്.
ഷാജിയുടെ വീട്ടിലേക്ക് ശുദ്ധജലം എത്തിക്കുന്ന മോട്ടർ പുരയിലേക്കുള്ള വൈദ്യുതബന്ധം തകരാറിലായിട്ട് മൂന്നാഴ്ച കഴിഞ്ഞു. ഷാജി പലതവണ കെഎസ്ഇബി അധികൃതരെ ഇക്കാര്യം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തില്ല.
ഇതോടെ കുട്ടികളുടെ പഠനം പോലും മുടങ്ങിയെന്ന് ഷാജി പറയുന്നു. മറ്റാെരു മാർഗ്ഗവുമില്ലാതായതോടെയാണ് കുടുംബസമേതം കെഎസ്ഇബി ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വ്യാപക നാശനഷ്ടങ്ങളുണ്ടായെന്നും വലിയ തകരാറുകൾ പരിഹരിക്കുന്നതിനാലാണു ഷാജിയുടെ മോട്ടർ പുരയിലേക്കുള്ള കണക്‌ഷനിലെ പണികൾ വൈകിയതെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.
ഇന്നലെ തന്നെ പണികൾ പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെ ഷാജിയും കുടുംബവും സമരം അവസാനിപ്പിച്ചു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക