അടിമാലിക്ക് സമീപം മോഷ്ടിച്ച ബൈക്കിൽ സുഹൃത്തിനെ കാണാൻപോയി; അപകടം, അറസ്റ്റ്.

നെടുങ്കണ്ടം: മോഷ്ടിച്ച ബൈക്കുമായി സുഹൃത്തിനെ കാണാൻ പോയ യുവാക്കൾ അപകടത്തിൽപെട്ടു; പിന്നാലെ അറസ്റ്റിലുമായി.മാങ്ങാത്തൊട്ടി ഒറ്റപ്ലാക്കൽ അനൂപ് (22), പാമ്പാടുംപാറ ഒറ്റപ്ലാക്കൽ ചന്ദ്രപ്രസാദ് (19) എന്നിവരാണ് ഉടുമ്പൻചോല പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാത്രി പത്തരയോടെ കാന്തിപ്പാറ മുക്കടി സ്വദേശി ജോയിയുടെ വീട്ടുമുറ്റത്തു വച്ചിരുന്ന ബൈക്കാണു പ്രതികൾ മോഷ്ടിച്ചത്. ഞായറാഴ്ച രാവിലെയാണു വീട്ടുകാർ മോഷണവിവരം അറിഞ്ഞത്. ഇതിനിടെ മോഷ്ടിച്ച ബൈക്കുമായി പ്രതികൾ സുഹൃത്തിനെ കാണാൻ കോതമംഗലത്തേക്കു പോയി.
തിരിച്ചുവരുന്ന വഴി രാത്രി പത്തരയോടെ അടിമാലി 14-ാം മൈലിൽ അപകടത്തിൽപെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ ആശുപത്രിയിലെത്തിച്ചു.
പൊലീസിനോടു പരസ്പരവിരുദ്ധമായി സംസാരിച്ച പ്രതികളെ ചോദ്യം ചെയ്തപ്പോഴാണു ബൈക്ക് മോഷണത്തിന്റെ വിവരം പുറത്തറിഞ്ഞത്. ഇരുവരും ബന്ധുക്കളാണെന്നും പൊലീസ് പറഞ്ഞു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇