ഞങ്ങൾക്കും വേണ്ടേ ഒരു വീട്; ഗോത്രവർഗ ഗ്രാമവാസികൾ ഇന്നും താമസിക്കുന്നത് ചോർന്നൊലിക്കുന്ന മൺവീടുകളിലും ടാർപ്പോളിൻ വിരിച്ച വീടുകളിലുമാണ്.

മറയൂർ: മാങ്ങാപ്പാറ ഗോത്രവർഗ ഗ്രാമവാസികൾ ഇന്നും താമസിക്കുന്നത് ചോർന്നൊലിക്കുന്ന മൺവീടുകളിലും ടാർപ്പോളിൻ വിരിച്ച വീടുകളിലുമാണ്. കാന്തല്ലൂർ പഞ്ചായത്തിൽ ചിന്നാർ വന്യജീവിസങ്കേതത്തിനുള്ളിൽ കൊടു വനത്തിൽ സ്ഥിതിചെയ്യുന്ന ഗോത്രവർഗ ഗ്രാമമാണ് മാങ്ങാപ്പാറ. 32 കുടുംബങ്ങളിലായി 102 അംഗങ്ങളാണ് ഈ കുടിയിൽ താമസിച്ചുവരുന്നത്.
ഇതിൽ എട്ട് കുടുംബങ്ങൾ ലൈഫ് ഭവനപദ്ധതിയിൽ മുൻഗണനാ ക്രമത്തിൽ വർഷങ്ങൾക്കുമുൻപ് തന്നെ പേര് വന്നിട്ടുണ്ടെങ്കിലും ഒരാൾക്കുപോലും ഇതുവരെ വീടിന് ഫണ്ട് അനുവദിച്ചിട്ടില്ല. 10 വർഷം മുൻപ് മറ്റൊരു സ്ഥലത്തായിരുന്നു കുടി സ്ഥിതിചെയ്തിരുന്നത്. വഴിയും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതുമൂലം പുതിയ സ്ഥലത്തേക്ക് കുടി മാറ്റുകയായിരുന്നു. അന്ന് താത്കാലികമായി നിർമിച്ച ഷെഡ്ഡുകളിലും മൺവീടുകളിലുമാണ് ഇന്നും കുടിക്കാർ താമസിച്ചുവരുന്നത്.
രണ്ടുവർഷം മുൻപ് വരെ കുടിയിലേക്ക് ഒറ്റയടിപ്പാതമാത്രമാണ് ഉണ്ടായിരുന്നത്.വീട് അനുവദിച്ചാലും കെട്ടിടനിർമാണ സാമഗ്രികൾ കുടിയിൽ എത്തിക്കുക എന്നത് പ്രായോഗികമല്ലായിരുന്നു. എന്നാൽ ഇന്ന് ചുങ്കം ഫോറസ്റ്റ് സ്റ്റേഷനിൽനിന്നും കുടി വരെയുള്ള അഞ്ചുകിലോമീറ്റർ ദൂരം ജീപ്പ് പോകുവാനുള്ള സൗകര്യത്തിൽ കുടിക്കാർ പാത വെട്ടി ഒരുക്കിയിട്ടുണ്ട്.
പാത വന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും അനുവദിച്ചുകിടക്കുന്ന വീടുകൾക്ക് ധനസഹായം നല്കുവാൻ അധികൃതർ തയ്യാറാകുന്നില്ലായെന്ന് മാങ്ങാപ്പാറ ഇക്കോ ഡിവലപ്പ്മെൻറ് കമ്മിറ്റി പ്രസിഡന്റ് തിരുമല സ്വാമി പറയുന്നു. കടുവ, പുലി, ആന, കാട്ടുപോത്ത് എന്നിവയുള്ള വനമേഖലയാണ് മാങ്ങാപ്പാറ. ഭിത്തിപോലുമില്ലാത്ത ഒട്ടും സുരക്ഷിതമല്ലാത്ത വീടുകളിലാണ് കുടിക്കാർ വർഷങ്ങളായി താമസിച്ചുവരുന്നത്.
നല്ല കർഷകരായ കുടിക്കാരുടെ വിളകൾ പോലും സൂക്ഷിക്കുവാൻ കഴിയാതെ ദുരിതമനുഭവിക്കുകയാണ് കുടിക്കാർ. വനാവകാശ നിയമപ്രകാരം 10 ഏക്കർ ഭൂമി ഇവർക്ക് അനുവദിച്ചു നല്കിയതിനാൽ വീട് നിർമിക്കുവാൻ സ്ഥലത്തിന് ഒരു ബുദ്ധിമുട്ടും ഇല്ല. അധികാരികൾ കനിയണമെന്നുമാത്രം.
ലൈഫ് ഭവനപദ്ധതിയിൽ വീട് അനുവദിച്ചിട്ടും മാങ്ങാപ്പാറ ഗ്രാമവാസികൾ ഇന്നും ചോർന്നൊലിക്കുന്ന വീട്ടിൽ
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇