ഇറാന്റെ ആയുധകേന്ദ്രം തകർത്ത് ഇസ്രയേൽ; ഹൈപ്പർസോണിക്ക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ, പവർപ്ലാൻ്റ് കത്തി.
ടെഹ്റാന്/ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ചമുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 224 പേര് കൊല്ലപ്പെട്ടതായും 1277 പേര്‍ക്ക് പരിക്കേറ്റതായും ഇറാന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍, കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരുടെയും സൈനികരുടെയും എണ്ണം ഇറാന് വ്യക്തമാക്കിയിട്ടില്ല.
ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ഇതുവരെ 14 പേര് കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. 390 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ഇതുവരെ മൂന്നുറോളം മിസൈലുകളാണ് ഇറാന് ഇസ്രയേലിന് നേരേ തൊടുത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ഇറാന് തൊടുത്തുവിട്ട മിസൈലുകളില്‍ ഭൂരിഭാഗവും വിവിധ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടയാനായെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. എന്നാല്‍, 22-ഓളം മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഭേദിച്ച് ഇസ്രയേലിലെ വിവിധയിടങ്ങളില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ജനവാസമേഖലയിലെ കെട്ടിടങ്ങളിലാണ് ഈ മിസൈലുകള്‍ പതിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇസ്രയേല്‍ തങ്ങളുടെ എണ്ണ സംഭരണശാലകളും എണ്ണപ്പാടങ്ങളും ആക്രമിച്ചതായി ഇറാന് സമ്മതിച്ചു. പ്രതിരോധമന്ത്രാലയ ആസ്ഥാനത്തിന് പിന്നാലെ ഇറാനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിന് നേരേയും ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായി. ആക്രമണത്തില്‍ മന്ത്രാലയത്തിലെ ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഇറാന് വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കാസിമിയെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. റെവല്യൂഷണറി ഗാര്‍ഡിൻ്റെ ഇൻ്റലിജൻസ് ഉപമേധാവി ജനറല്‍ ഹസ്സന് മൊഹാഖിഖും തങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഇസ്രയേലിന്റെ അവകാശവാദം.
ഞായറാഴ്ച രാത്രി മുതല്‍ ഇസ്രയേല്‍ വ്യോമസേന മധ്യഇറാനില്‍ രൂക്ഷമായ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ മിസൈല്‍ വിക്ഷേപണകേന്ദ്രങ്ങളും ആയുധ നിര്‍മാണകേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഇറാന് റെവല്യൂഷണറി ഗാര്‍ഡ് ഖുദ്സ് സേനയുടെ നിയന്ത്രണത്തിലുള്ള ആയുധ നിര്‍മാണകേന്ദ്രമാണ് തകര്‍ത്തതെന്ന് ഇസ്രയേല്‍ പ്രതിരോധസേന(ഐഡിഎഫ്) അവകാശപ്പെട്ടു. ഇസ്രയേല്‍ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുകയാണെന്ന് ഇറാന് വിദേശകാര്യ വക്താവ് ഇസ്മായില്‍ ബാഖേയ് ആരോപിച്ചു. ടെഹ്റാനില്‍ മാത്രം 73 സ്ത്രീകളും 20 കുട്ടികളുമാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി ഇസ്രയേലിന് നേരേ ഇറാനും ശക്തമായ ആക്രമണം നടത്തി. ഇസ്രയേലിലെ ഹൈഫ നഗരം ലക്ഷ്യമിട്ടായിരുന്നു ഇറാന് പ്രധാനമായും മിസൈലുകള്‍ തൊടുത്തുവിട്ടത്. ഹൈഫ തുറമുഖത്തിന് സമീപത്തെ പവര്‍പ്ലാന്റ് ഇറാന് ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നാലെ പവര്‍ പ്ലാന്റില്‍ വന്‍ അഗ്നിബാധയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ബാലിസ്റ്റിക് മിസൈലുകള്‍ക്ക് പുറമേ ഹൈപ്പര്‍സോണിക് മിസൈലുകളും ഇറാന് ഇസ്രയേലിന് നേരേ പ്രയോഗിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് തടയാനായെങ്കിലും രണ്ട് ഹൈപ്പര്‍സോണിക് മിസൈലുകളാണ് ഹൈഫ നഗരത്തില്‍ പതിച്ചു.
ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ തകരുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. നഗരത്തിലെ പലയിടത്തും അഗ്നിബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൈഫയ്ക്ക് പുറമേ ടെല്‍ അവീവിലും ഇറാന്റെ ആക്രമണമുണ്ടായി. ടെല്‍ അവീവില്‍ ജനവാസമേഖലയിലാണ് ഇറാന്റെ മിസൈലുകള്‍ പതിച്ചത്. ജറുസലേം ലക്ഷ്യമിട്ടും ഇറാന്റെ മിസൈലുകള്‍ എത്തിയെങ്കിലും ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇവയെല്ലാം പ്രതിരോധിച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി സുരക്ഷാനിര്‍ദേശം നല്കി. ഇസ്രയേലിലുള്ള ഇന്ത്യന്‍സമൂഹമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ സുരക്ഷയ്ക്കായുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സംഘര്‍ത്തെത്തുടര്‍ന്ന് ഇറാനിലെ സ്വിസ് എംബസി താത്കാലികമായി അടച്ചു.
അതിനിടെ, ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന് അറിയിച്ചു. മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്ന ഖത്തറിലെയും ഒമാനിലെയും ഉദ്യോഗസ്ഥരെ ഇറാന് ഇക്കാര്യം അറിയിച്ചതായും ഇറാന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
News source Madhrubhumi news
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇