വീട്ടമ്മയുടെ മരണം: പൊലീസും വനം വകുപ്പും രണ്ടു തട്ടിൽതോട്ടാപ്പുര സ്വദേശി സീതയുടെവീട്ടമ്മയുടെ മരണം; പൊലീസും വനം വകുപ്പും രണ്ടു തട്ടിൽ

പീരുമേട്: തോട്ടാപ്പുര സ്വദേശി സീതയുടെ മരണത്തിൽ പൊലീസും വനംവകുപ്പും രണ്ടു തട്ടിൽ. സീതയ്ക്കു പരുക്കേറ്റെന്നു പറയുന്ന സ്ഥലത്ത് ആന ഉണ്ടായിരുന്നു എന്ന നിലപാടിലാണു പൊലീസ്. എന്നാൽ കാട്ടാനയാക്രമണം വിശ്വസിക്കാനാവാത്തതാണ് എന്നാണു വനംവകുപ്പിന്റെ വാദം. ഇതിനിടെ സീതയുടെ ഭർത്താവ് ബിനുവിന്റെയും ഒപ്പം ഉണ്ടായിരുന്ന രണ്ടു മക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. ഇന്നലെ പൊലീസിന്റെ ഫൊറൻസിക് സംഘം ഉൾപ്പെടെ മീൻമുട്ടിയിലെത്തി പരിശോധന നടത്തി. പൊലീസും വനപാലകരും സ്ഥലത്തു നിരീക്ഷണവും നടത്തി.
ബിനുവും മക്കളും മൊഴിയിൽ പറഞ്ഞ സ്ഥലത്തു കാട്ടാന എത്തിയിരുന്നു എന്നാണു മീൻമുട്ടിയിലെ അന്വേഷണത്തിൽ കണ്ടെത്തിയതെന്നു പൊലീസ് പറയുന്നു. എന്നാൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണു സീതയുടെ മരണം സംഭവിച്ചതെന്നും ഞായറാഴ്ചയാണു സ്ഥലത്തു പരിശോധന നടന്നതെന്നും ഇതിനാൽ ഇവിടെ കാട്ടാനയുണ്ടെന്ന പേരിൽ കാട്ടാനയാക്രമണം എന്നു പറയാൻ കഴിയില്ലെന്നു വനംവകുപ്പ് വിശദീകരിക്കുന്നു. മനുഷ്യർക്കു നേരെയുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളിൽ കണ്ടുവന്നിട്ടുള്ള പല സാഹചര്യങ്ങളും ഇവിടെയില്ലെന്നു വനംവകുപ്പ് ഇന്നലെയും ആവർത്തിച്ചു.

തന്നെ കള്ളക്കേസിൽ കുടുക്കാൻ വനംവകുപ്പ് ശ്രമിക്കുന്നു എന്നാണു സീതയുടെ ഭർത്താവ് ബിനുവിന്റെ ആരോപണം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു പരുക്കേറ്റാണു സീത മരിച്ചതെന്നു ബിനു ആവർത്തിച്ചു. സീതയുടെ പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഫൊറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണൻ ഇന്നു വിശദമായ റിപ്പോർട്ട് പൊലീസിനു കൈമാറും.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിനു പിന്നാലെ കാട്ടാന ആക്രമിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായില്ലെന്നു ഡോക്ടർ പൊലീസിനോടു വിവരിച്ചിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്തായിരിക്കും പൊലീസിന്റെ തുടർനടപടികൾ. പൊലീസിന്റെ ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനാ റിപ്പോർട്ട് ഇന്നു ജില്ലാ പൊലീസ് മേധാവിക്കു കൈമാറും.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇