ബെയ്‌ലിപ്പാലത്തിന് സമീപം കുത്തൊഴുക്ക് ; പാലത്തിന് മറുവശത്ത് കുടുങ്ങിപ്പോയ തൊഴിലാളികളെ തിരികെയെത്തിച്ചു

വയനാട് : വന്‍ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈയില്‍ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം. ചെളിയും മണ്ണും കലങ്ങിയുള്ള വെള്ളമാണ് ഒഴുകിവരുന്നത്.പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയിരിക്കുകയാണ് കുടുങ്ങിപ്പോയവരെ വിവിധ വാഹനങ്ങളിലാക്കി തിരിച്ചു കൊണ്ടുവന്നു. ജീപ്പുകളും മറ്റും മറുവശത്തേക്ക് അയച്ചിരിക്കുകയാണ്. ബെയ്‌ലിപ്പാലത്തിന് മറുവശത്ത് പുഴ കരകവിഞ്ഞൊഴുകുകയാണ്.
വില്ലേജ് റോഡിലേക്കും വെള്ളംകയറി. പുന്നപ്പുഴ ഒഴുകുന്ന എതിര്‍ഭാഗത്ത് ഡിസ്‌പെന്‍സറി വരെയുള്ള പ്രദേശത്ത് വെള്ളംകയറി. അതേസമയം പാലത്തിന് ബലക്ഷയം ഉണ്ടായതായി സൂചനകളില്ല. റോഡിലേക്ക് വെള്ളം കയറിയ സ്ഥിതിയുണ്ട്. പാലത്തിന് കീഴില്‍ പുന്നപ്പുഴയില്‍ ശക്തമായ കുത്തൊഴുക്കാണ്. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി മുഴുവന്‍ ഇവിടെ ശക്തമായ മഴയായിരുന്നു. ഇപ്പോഴും മഴ തുടരുകയാണ്. എവിടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് വ്യക്തമായിട്ടില്ല. അമ്ബലക്കുന്ന് ഭാഗത്താണ് ഉരുള്‍പൊട്ടലെന്നാണ് വിവരം.

പുഴയില്‍ നിന്നും നീക്കിയ കല്ലും മണ്ണുമെല്ലാം ഒലിച്ചിറങ്ങിയിട്ടുണ്ട്. നേരത്തേ ഉരുള്‍പൊട്ടലിന്റെ ഭാഗമായി പുഴയിലേക്ക് ഒഴുകിയെത്തിയിരുന്ന കല്ലും മറ്റും മാറ്റുന്ന ജോലി നടന്നുവരികയായിരുന്നു. പുഴ ദിശമാറി ഒഴുകിയതിനെ തുടര്‍ന്ന് തീരത്തേക്ക് മാറ്റിയ കല്ലുകളും മറ്റും പൂഴയിലേക്ക് വീണ്ടും ഒലിച്ചിറങ്ങിയിരിക്കുകയാണ്. ഹാരിസണ്‍, മലയാളം പ്ലാന്റേഷനുകളില്‍ ജോലിക്ക് പോയ തമിഴ്‌നാട്ടുകാര്‍ അടക്കം മറുവശത്ത് കുടുങ്ങിപ്പോയവരെ ട്രാക്ടറിലും ജീപ്പിലുമായി തിരികെയെത്തിച്ചു. മുമ്ബുണ്ടായ ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങളും ഒഴുക്കില്‍ പെട്ടു.
പാലത്തിനപ്പുറത്ത് അമ്ബതോളം പേരും തമിഴ്‌നാട്ടില്‍ നിന്നും പ്ലാന്റേഷനിലേക്ക് ജോലിക്കായി കൊണ്ടുവന്ന നൂറിലധികം തൊഴിലാളികളും അട്ടമലയില്‍ ഏറാട്ടുകുണ്ട് മേഖലയില്‍ പാടികളില്‍ ആദിവാസികളും മറുവശത്തായിരുന്നു. അമ്ബലക്കുന്ന് ജനവാസമേഖലയല്ല റിസോര്‍ട്ടുകളും എസ്‌റ്റേറ്റ് മാനേജര്‍മാര്‍ താമസിക്കുന്ന വീടുകളും മാത്രമാണ് ഇവിടെയുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മലവെള്ളപ്പാച്ചിലിന്റെ കാരണം ഇനിയും കണ്ടെത്തേണ്ടതുണ്ട്.