ലഹരിക്കെതിരായ റിട്ട.എസ്.ഐയുടെ പോരാട്ടം ഇടുക്കിയിലെത്തി; സൈക്കിള്‍ പര്യടനം നാല് ദിവസം

തൊടുപുഴ : കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ റിട്ട. എസ്. ഐ ഷാജഹാൻ നയിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ സൈക്കിള്‍ യാത്ര ഇടുക്കിയിലെത്തി.25 മത് ദിവസമാണ് യാത്ര ജില്ലയിലെത്തിയത്. മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴയിലെത്തിയ യാത്രക്ക് സി.ഐ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ സ്വീകരണം നല്കി.

വിവിധയിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം യാത്ര 28ന് പത്തനംതിട്ടയില്‍ പ്രവേശിക്കും. മേയ് 31ന് സർവീസില്‍ നിന്നും വിരമിച്ച ദിവസം തന്നെ കൊല്ലത്തുനിന്നും തുടങ്ങിയ യാത്ര കൊല്ലം, കൊട്ടാരക്കര,കോട്ടയം, എറണാകുളം, തൃശ്ശൂർ ,കണ്ണൂർ, കാസർഗോഡ് ,മഞ്ചേശ്വരം, തപാലക്കാട്, അട്ടപ്പാടി,അഗളി, തൃശ്ശൂർ, എറണാകുളം ജില്ലകള്‍ സന്ദർശിച്ച ശേഷമാണ് ഇടുക്കിയില്‍ എത്തിച്ചേർന്നത്. ഏകദേശം 1450 കിലോമീറ്റർ 24 ദിവസം കൊണ്ട് യാത്ര ചെയ്ത് എഴുപതോളം സ്കൂളുകളിലും 45 ഓളം പൊതുസ്ഥലങ്ങളിലും ഈ ബോധവല്‍ക്കരണ യാത്രയുടെ സന്ദേശം എത്തിക്കാൻ ഷാജഹാന് കഴിഞ്ഞു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി ഏകദേശം 2025 കിലോമീറ്റർ യാത്ര ചെയ്ത് ജൂലായ് 2ന് കൊല്ലത്ത് സമാപിക്കും.