മറയൂർ–കാന്തല്ലൂർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷം

മറയൂർ: മറയൂർ – കാന്തല്ലൂർ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായി തുടർന്നിട്ടും അധികൃതർക്ക് മൗനം. കീഴാന്തൂർ മേഖലയിലെ കൃഷിത്തോട്ടത്തിൽ രാപ്പകൽ തമ്പടിക്കുന്ന കാട്ടുപോത്തിൻ കൂട്ടം കൃഷികളെല്ലാം നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് സ്ഥലവാസികൾ പറയുന്നു. ശീതകാല പച്ചക്കറി കേന്ദ്രമായ കീഴാന്തൂരിലെ മലനിരകളിൽ കൂടുതലായുള്ള കാപ്പി, കുരുമുളക് തോട്ടങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന കാട്ടുപോത്തുകൾ കൃഷിയെല്ലാം നശിപ്പിക്കുകയാണ്.
ഇവയെ ഭയന്ന് പകൽ സമയങ്ങളിൽ തോട്ടത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. മറയൂർ – മൂന്നാർ റോഡിലും തോട്ടം മേഖലയിലും ചുറ്റിക്കറങ്ങുന്ന പടയപ്പയാണ് മറ്റൊരു ഭീതി. രാത്രികാലങ്ങളിൽ സംസ്ഥാന പാതയിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തുന്നതും പതിവാകുന്നു.
തോട്ടം തൊഴിലാളികൾക്കും പടയപ്പ ഭീഷണിയാകുകയാണ്. പടയപ്പ പാതയിലൂടെ നടക്കുന്ന വിവരം പ്രാദേശിക വാട്സാപ് ഗ്രൂപ്പുകളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നുണ്ടെങ്കിലും മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വിനോദസഞ്ചാരികൾ ആനയുടെ മുൻപിൽപെടുന്നത് അപകടാവസ്ഥയ്ക്ക് കാരണമാകുന്നു. പലരും തലനാരിഴയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ രക്ഷപ്പെട്ടത്
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇